രാവിലെ മുതല്‍ തുടങ്ങിയ കറക്കമാണ്. 10 മണി ആകാനായി. ഇതുവരെ വണ്ടിയില്‍ പെട്രോള്‍ ഒഴിക്കാനുള്ള വക കിട്ടിയിട്ടില്ല. ഈ നശിച്ച മഴ കാരണം ജനങ്ങളൊന്നും അങ്ങാടിയിലേക്ക് ഇറങ്ങുന്നില്ല എന്നാണ് തോന്നുന്നത്.
പിന്‍സീറ്റില്‍ കിടന്നു കൊണ്ട് പിറുപിറുക്കുന്ന ഇസ്മായില്‍ക്കാനെ നോക്കി ബൈജു ചിരിച്ചു. അല്ലാന്ന് ഇങ്ങള്ക്ക് ഈ പിച്ചും പേയും പറയ്ണ നേരം കൊണ്ട് ഈ പേപറൊന്നു വായിചൂടെ ? അങ്ങനേലും കൊറച്ച് ലോകവിവരം ഇണ്ടാക്കിക്കൂടെ?
നീ പൊയ്ക്കോ അവിടുന്ന്. നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. കല്യാണം കഴിക്കാതെ അദ്ധ്വാനിക്കുന്നതൊക്കെ സിനിമ കാണാനും കള്ളുകുടിക്കാനും അല്ലെ നീ പഠിച്ചിട്ടൊള്ളൂ. വൈകുന്നേരം വരെ ഇതുരുട്ടിയാലും നാല് വയറു കഴിഞ്ഞു പോകാനുള്ളത് കിട്ടുന്നില്ല അപ്പോഴാ അവന്റെ ഒരു ലോക വിവരം.
അല്ല നിങ്ങള്‍ ഇവിടെ കിടന്നു ചാടിയതോണ്ട് വല്ല കാര്യവും
ഉണ്ടോ? ആ റെയില്‍വേ സ്റ്റേഷന്റെ അവിടെ ഒക്കെ ഒന്ന് പോയി നോക്കിക്കൂടെ? ഞാനേതായാലും ഈ പത്രം വായിച്ചു തീര്‍ത്തിട്ടെ ഓടാനും ചാടാനും ഒക്കെ ഉള്ളു. റെയില്‍വേന്റെ അവിടെ ട്രെയിനിനെക്കാളും നീളത്തിലാ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അവിടെ കൊണ്ടിട്ടാല്‍ നാളെ നേരം വെളുത്താലും മുന്നിലെത്തുമെന്ന് തോനുന്നില്ല നീ പത്രം വായിക്കുന്നത് കണ്ടത് കൊണ്ടാ ഞാന്‍ ഇവിടെ നിര്‍ത്തിയത്. എനിക്കറിയാം ഇനി നീ ബുഷ് വന്നു വണ്ടിയില്‍ കേറിയാലും ഓട്ടം പോകുലാന്നു അപ്പൊ നിനക്ക് വരുന്നത് എനിക്ക് തന്നാല്‍ മതി ഞാനും ഹാപ്പി നീയും ഹാപ്പി.
അതിപ്പോ രാഘവേട്ടന് ചോദിച്ചതാണല്ലോ. നിങ്ങള്‍ രാഘവേട്ടന്റെ അടുത്ത് ചെന്ന് കാര്യം പറ അയാള്‍ സമ്മതിച്ചാല്‍ ഓക്കേ. രാഘവേട്ടന് ചായകുടിക്കുന്നുണ്ടാകും.
പൊടിയുന്ന മഴയില്‍ നിന്നും മുടികൊഴിഞ്ഞ ഭാഗം മാത്രം പൊത്തിപ്പിടിച്ചു ഹോട്ടലിലേക്ക് ഓടിക്കയറി. തന്നെ പോലെ കാക്കിയുടുപ്പിട്ട മൂന്നു നാലുപേര്‍ ഒരു ടേബിളിനു ചുറ്റും ഇരുന്നു വെടിപറയുകയാണ്. ഇസ്മായില്ക്ക അവരുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവരുടെ സദസ്സിലെ ഒരംഗമായി. ഒരു ചായ എനിക്കും താ സപ്ലയറോടു അതും പറഞ്ഞിട്ട് രാഘവേട്ടനോടായി ചോദിച്ചു.
ബൈജുവിന്റെ അടുത്ത ട്രിപ്പ് ഞാന്‍ പൊക്കോട്ടെ?
എന്ത് പറ്റി? ഇന്നൊന്നും തടഞ്ഞില്ലേ?
ഈ മഴ കൊണ്ടതാണെന്ന് തോന്നുന്നു. എന്റെ ചെറിയ കുട്ടിക്ക് ഒരു പനി. ഇന്ന് കിട്ടിയത് പെട്രോള്‍ അടിക്കാന്‍ പോലും തികയില്ല ആകെ 40 രൂപയാ ഇത്രയും നേരം കറങ്ങിയിട്ടു കിട്ടിയത്. ഇത് കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞു രാഘവേട്ടാ ഇപ്പോള്‍ കിട്ടുന്നത് ഒന്നിനും തികയുന്നില്ല. പോരാത്തതിനു പറ്റിച്ചു പോകുന്നവര്‍ വേറെയും.
അത് പറഞ്ഞതും തുളസീധരന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.രണ്ടു ദിവസം മുന്നേ നമ്മുടെ ഇസ്മായില്ക്കാക്ക് പറ്റിയത് നിങ്ങളാരെങ്കിലും അറിഞ്ഞോ?
ഇല്ല! എന്ത് പറ്റി? രാഘവേട്ടന് ചോദിച്ചു?
നീ മിണ്ടാതിരിയടാ സുബറെ. ഇസ്മായില്ക്ക തുളസിയുടെ നേരെ തിരിഞ്ഞു.
നീ പറയെടാ രാഘവേട്ടന് പറഞ്ഞു.
നമ്മുടെ തലക്കടത്തൂര്‍ പാലം പണി നടക്കുവല്ലേ? ഒരു സൈഡില്‍ നിന്നുള്ള വാഹനങ്ങള്‍ പോയതിനു ശേഷം മാത്രമേ മറ്റേ സൈഡില്‍ നിന്നും വാഹനങ്ങള്‍ കടത്തി വിടൂ എന്നറിയാമല്ലോ? നമ്മുടെ ഇസ്മായില്ക്കാക്ക് ഖയാം തിയറ്ററിന്റെ അവിടെ നിന്നും. വൈലത്തൂരിലേക്ക് ഒരു ട്രിപ്പ് കിട്ടി മാറ്റിനി വിട്ടതായിരുന്നു. പാലത്തിന്റെ അവിടെ എത്തിയപ്പോള്‍ മറ്റേ സൈഡില്‍ നിന്നുമുള്ള വാഹനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. കുറച്ചു നേരം അവിടെ നിര്‍ത്തിയിടേണ്ടി വന്നു. ബ്ലോക്കൊക്കെ കഴിഞ്ഞു അപ്പുറത്തെത്തിയപ്പോള്‍ വണ്ടിയിലെ പാസഞ്ചറെ കാണുന്നില്ല. അവന് ഇപ്പുറത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങി പോയിരുന്നു.
ഹ ഹ ഹ കൊള്ളാം എല്ലാവരും ചിരിച്ചു.
അവന് എന്നെങ്കിലും വഴിതെറ്റി എന്റെ വണ്ടിയില്‍ തന്നെ കയറും %$#%$ അന്ന് ഞാന്‍ പിടിച്ചോളാം. ഇസ്മായില്ക്ക ദേഷ്യത്തോടെ പറഞ്ഞു.
ഡോ ചങ്ങായിമാരെ ഇങ്ങക്കൊന്നും ഒരു പണീം ഇല്ലേ? രാവിലെ തന്നെ ഇബടെ വന്നിരുന്നു ഏഷണീം ഫിത്നേം പറഞ്ഞോളീം ആ ബൈജു കുറെ നേരമായി ഹോണടിക്കുന്നു. ഹോട്ടലുടമ മൂസാക്ക പറഞ്ഞു.
അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. എന്നാല്‍ നീ ചെല്ല് ഇസ്മായീലെ ഇനി അവന് പേപര്‍ മടക്കിയാല്‍ അതും പോകും. വേഗം ചെല്ല് രാഘവേട്ടന് പറഞ്ഞു.
ശരി എന്നും പറഞ്ഞു ബാക്കിയുള്ള ചായ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തിട്ട് ഇസ്മായില്ക്ക പുറത്തേക്കിറങ്ങി. ഡാ ഹംക്കേ ചായേന്റെ പൈസ ഇല്ലേ? മൂസാക്ക വിളിച്ചു ചോദിച്ചു.
അത് തുളസി തരും അവനാണല്ലോ പൈസക്കാരന് എന്നും പറഞ്ഞു ഒട്ടോയിലെക്കോടി. പുറകില്‍ നിന്നും ഒട്ടോയെടുത്ത് മുന്നില്‍ കിടക്കുന്ന ബൈജുവിന്റെ ഓട്ടോയുടെ അടുത്തെത്തി. ബൈജുവിന്റെ ഓട്ടോയില്‍ നിന്നും വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റുമിട്ട ഒരു ചെറുപ്പക്കാരന് ഇറങ്ങിവന്നു ഇസ്മായില്ക്കാന്റെ ഓട്ടോയില്‍ കയറി.
ആ ഇസ്മായില്ക്ക അയാള്‍ക്ക് മാര്‍ക്കെറ്റില്‍ നിന്നും കുറച്ചു സാധനങ്ങള്‍ വാങ്ങണം എന്ന് പറഞ്ഞു. അത് കഴിഞ്ഞു അയാളെ വീട്ടില്‍ കൊണ്ട് വിടേണ്ടിവരും. എന്താ പറ്റില്ലേ? ബൈജു ചോദിച്ചു.
അതിനെന്താ? ഞാനേറ്റു. ഇസ്മായില്ക്ക വണ്ടി മുന്നോട്ടെടുത്തു.
അതെന്താ അയാളുടെ വണ്ടി ഓട്ടം വരാത്തെ? പിറകില്‍ നിന്നും ചോദ്യം കേട്ടപ്പോള്‍ ഒന്ന് ചിരിച്ചു കൊണ്ട് ഇസ്മായില്ക്ക പറഞ്ഞു അത് ഞങ്ങള്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റാണ്. പിന്നെ ഏതു മാര്‍ക്കറ്റാ? മീന്‍ വങ്ങനാണോ അതോ പലചരക്ക് സാധനങ്ങള്‍ വല്ലതും വാങ്ങാന്‍ ആണോ?
അല്ല കുറച്ചു കോഴിയും ബേക്കറി സാധനങ്ങളും വാങ്ങണം. ഞാന്‍ ഗള്‍ഫില്‍ ആയിരുന്നു. പേര് ഗഫൂര്‍.രണ്ടു ദിവസമേ ആയിട്ടുള്ളൂ നാട്ടില്‍ വന്നിട്ട്. ഇന്ന് വീട്ടില്‍ ചെറിയ ഒരു പരിപാടിയുണ്ട്. ഈ മഴമാറട്ടെ എന്ന് കരുതി ഇരുന്നത് കൊണ്ട് നേരം വൈകി. ഇനി ഇതൊക്കെ വാങ്ങി കൊണ്ടുപോയിട്ടു വേണം ഭക്ഷണം തയ്യാറാക്കാന്‍. മാര്ക്കറ്റ്റോഡിലേക്ക് കയറാതെ നേരെ പോകുന്നത് കണ്ടപ്പോള്‍ ഗഫൂര്‍ ചോദിച്ചു മാര്‍ക്കറ്റ് ഇവിടെയല്ലേ പിന്നെന്തിനാ നേരെ പോകുന്നത്?
വണ്ടിയില്‍ പെട്രോള്‍ കുറവാണ് നമുക്ക് പെട്രോള്‍ അടിച്ചു തിരിച്ചു വരാം.
അത് വേണ്ട, നമുക്ക് സാധനങ്ങള്‍ വാങ്ങി പോകുമ്പോള്‍ പെട്രോള്‍ അടിക്കാം.
എന്നാല്‍ ശരി എന്നും പറഞ്ഞു കൊണ്ട് ഇസ്മായില്ക്ക വണ്ടി തിരിച്ചു
എവിടെയാ ഗഫൂറിന്റെ വീട്?
നിറമരുതൂര്‍.
വീട്ടില്‍ എന്താ പരിപാടി ?
ഒന്ന് രണ്ടു വിരുന്നുക്കാര് വരുന്നുണ്ട്.
ഈ റോഡിലൂടെ ഒരു വണ്ടിയും വരില്ല. പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയും ആയിക്കിടക്കുന്ന റോഡിലൂടെ ഓട്ടോയെ ചാടിച്ചു കൊണ്ട് ഇസ്മായില്ക്ക പറഞ്ഞു.
ദാ ആ ബേക്കറിയുടെ അടുത്ത് ഒന്ന് വണ്ടി നിര്‍ത്തൂ. ഗഫൂര്‍ തോണ്ടിക്കൊണ്ട് പറഞ്ഞു.
ബേക്കറിയുടെ അകത്തോട്ടു കയറിപ്പോയ ഗഫൂര്‍ പെട്ടെന്ന് തന്നെ തിരിച്ചു വന്നിട്ട് ചോദിച്ചു 500 രൂപയ്ക്കു ചെയ്ഞ്ച് ഉണ്ടാകുമോ?
500 രൂപക്കോ? ഉണ്ടാകില്ല.
ശരി കയ്യില്‍ ഇപ്പൊ എത്രയാ ഉള്ളത്?
ഒരു 50-60 രൂപയുണ്ടാകും.
എങ്കില്‍ അത് തരൂ. ഞാന്‍ പൈസ മാറിയിട്ട് തരാം. മാന്യമായ പെരുമാറ്റവും അവിശ്വസിക്കാന്‍ തക്ക കാരണമില്ലാത്തതും പിന്നെ വലിയ ഒരു ഓട്ടവും ഉള്ളതല്ലേ എന്ന് കരുതി കയ്യിലുണ്ടായിരുന്നത് എടുത്ത് അവനു കൊടുത്തു. അവന് കടയിലോട്ടു കയറിപ്പോയി കുറച്ചു കഴിഞ്ഞപ്പോള്‍ കയ്യില്‍ ഒരു പൊതിയുമായി വന്നു വണ്ടിയില്‍ കയറി. ഇക്കാ ഇനി ഒരു കോഴിക്കടയിലോട്ടു വണ്ടി വിട്.
മകള്‍ക്കുള്ള മരുന്നും ഇപ്പോള്‍ തന്നെ വാങ്ങിയാലോ? അല്ലെങ്കില്‍ വേണ്ട പൈസ കിട്ടിയതിനു ശേഷം വാങ്ങാം. നിറമരുതൂരിലേക്ക് ഓട്ടം പോയാല്‍ 35 രൂപ കിട്ടും. ഇവനാണെങ്കില്‍ ഗള്‍ഫില്‍ നിന്നും വന്നവന് അല്ലെ അപ്പൊ എന്തെങ്കിലും കൂട്ടി തരാതിരിക്കില്ല. ഇങ്ങനെയെല്ലാം മനസ്സില്‍ കണ്ടു കൊണ്ടാണ് കോഴിക്കടയുടെ മുന്നില്‍ ബ്രേക്ക് ചെയ്തത്.
ഒരു കാര്യം ചെയ്യ് ഇക്ക ഒരു മൂന്നു കോഴിക്ക് പറ ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം. വലുതാക്കി വെട്ടാന്‍ പറ. ആ പിന്നെ കവര്‍ വണ്ടിയില്‍ വെക്കുന്നത് കൊണ്ട് പ്രശ്നമില്ലല്ലോ?
ഹേയ്, എന്ത് പ്രശ്നം മോന് ധൈര്യമായിട്ടു പോയിട്ടുവാ. ദാ ആ മീന്‍മാര്‍ക്കറ്റിന്റെ പിറകില്‍ പോയാല്‍ മതി.അവിടെ ഒരു മൂത്രപ്പുര ഉണ്ട്.
ശരി എന്നും പറഞ്ഞു ഗഫൂര്‍ പോയി. ഇസ്മായില്ക്ക മൂന്നു കോഴി ഓര്‍ഡര്‍ ചെയ്തു . അത് വെട്ടിച്ചു. മൂത്രം ഒഴിക്കാന്‍ പോയ ആളെ കാണാതായപ്പോള്‍ കടക്കാരനോടു പറഞ്ഞു. കോഴി എനിക്കല്ല എന്റെ ഓട്ടോയില്‍ വന്ന ഒരാള്‍ക്കായി ഞാന്‍ പറഞ്ഞതാ. ഇപ്പൊ അവനെ കാണുന്നില്ല. ഞാനൊന്ന് നോക്കിയിട്ട് വരാം. വണ്ടി അവിടെ കിടന്നോട്ടെ
തിരക്കിപ്പോയ ഇസ്മായില്ക്ക തിരിച്ചു വന്നു ഓട്ടോയില്‍ കയറിയപ്പോള്‍ കടക്കാരന് വിളിച്ചു . ഡോ ഇവിടെ വാ ഇതിന്റെ പൈസ തന്നിട്ട് നീ എങ്ങോട്ട് വേണേലും പോക്കോ.
പൈസ എന്ന് കേട്ടതും കയ്യിലുള്ളതും കൂടി വാങ്ങിയിട്ടാണല്ലോ ആ ഹിമാറു പോയത്. അവന് എന്തോ ബേക്കറി വാങ്ങിയിരുന്നല്ലോ? അത് ഇതില്‍ വെച്ചിട്ട് ഹരാമ്പിരപ്പ് എങ്ങോട്ടാ പോയത്? ഇസ്മായില്ക്ക പൊതിയെടുത്തു നോക്കി. ഫ്രൂട്ടിയുടെ രണ്ടു കാലികൂടും കുറച്ചു പേപ്പറും മാത്രം കണ്ണില്‍ ഇരുട്ട് കയറാന്‍ ഇനിയെന്തെങ്കിലും വേണോ?
5 comments:
വായിച്ചു
ഉം!
പാവം ഇസ്മയിലിക്ക.
അങ്ങനെയാണല്ലേ ആൾ ബ്ലോഗറായത്!
ഇസ്മായില്ക്ക ബ്ലോഗര്‍ ആയോ?
എന്റെ സങ്കേതത്തില്‍ വന്നതിനും കമന്റടിച്ചതിനും നന്ദി.
ഇതില്‍ ഇസ്മയില്‍ ഇക്ക നീയല്ല ,
സത്യം പറയെടാ ,,, നീയല്ലേ ഗഫൂര്‍ ?
mujeeb paranjathu thanneya sathyam..enthinada gafoore paavam ismayilkanodu ingane cheythe?
Post a Comment