Pages

ഞെട്ടാന്‍ മാത്രമായി ഒരു ഇന്ത്യ

          നിങ്ങള്‍ ആരെങ്കിലും അറിഞ്ഞോ?. നമ്മുടെ ഇന്ത്യ വീണ്ടും ഞെട്ടിയിരിക്കുന്നു. വെറും ഞെട്ടലല്ല അതിഗംഭീരമായ ഞെട്ടല്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അങ്ങ് അമേരിക്കയില്‍ പഠിക്കാന്‍ പോയ ഇന്ത്യക്കാരായ വിദ്യാര്‍ഥികളുടെ കാലില്‍ കാട്ടിലെ കടുവയുടെയും ആനയുടെയും കഴുത്തില്‍ കെട്ടുന്ന പോലെയുള്ള ഒരു യന്ത്രം സായിപ്പ്‌ കെട്ടി വിട്ടു. അതറിഞ്ഞാല്‍  ഒരു സാധാരണ ഇന്ത്യക്കാരന്‍ പോലും ഞെട്ടും പിന്നെ നാം തിരഞ്ഞെടുത്ത്‌ മണിമാളികയില്‍ കോടികളുടെ കണക്കുകള്‍ മാത്രം അയവിറക്കി കിടക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഞെട്ടാതിരിക്കുന്നതെങ്ങിനെ?

       നിങ്ങള്‍ ലോകെത്തെവിടെയും പോക്കോ ആരെങ്കിലും തല്ലിക്കൊന്നാലും വെടിവെച്ചു കൊന്നാലും ഞെട്ടാന്‍ ഞങ്ങളിവിടെ ഇപ്പോഴും സര്‍വ്വ സന്നാഹങ്ങളുമായിട്ടിരിപ്പുണ്ട്. പണ്ട് ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തല്ലുകയും കൊല്ലുകയും ചെയ്തപ്പോഴും ഞങ്ങള്‍ ഞെട്ടിയിട്ടുണ്ട്. ആ ഞെട്ടലിന്  എന്തെങ്കിലും ഗുണം കിട്ടണമെങ്കില്‍ ഇനി നിങ്ങളാരും അവിടെ പോയി പഠിക്കാതിരുന്നാല്‍ മതി എന്ന് വരെ ഞങ്ങള്‍ നിങ്ങളോട് പറഞ്ഞില്ലേ? ഇത്രയൊക്കെ അല്ലെ ചെയ്യാന്‍ പറ്റുക.   
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാത്രമല്ല കുറച്ചു കാലം മുന്നേ ഒരു കാരണവരുടെ ഉടുമുണ്ട് അഴിച്ചപ്പോഴും ഞങ്ങള്‍ ഞെട്ടിയിട്ടുണ്ട്. എന്നിട്ടോ അതില്‍ നിന്നും മനസ്സെല്ലാം ഒന്ന് മുക്തമായി വരുമ്പോഴാണ് ഒരമ്മച്ചിയുടെ മടിക്കുത്തില്‍ പിടിച്ചത്‌ അപ്പോഴും ഞങ്ങള്‍ സര്‍വ്വതും മറന്നു ഞെട്ടി.  സിനിമാ നടന്മാരെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി, കച്ചവടക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ടൂറിസ്റ്റുകള്‍ അങ്ങിനെ ഇന്ത്യന്‍ ജനതയെ എവിടെ ക്രൂശിച്ചാലും ഇനിയും ഞെട്ടാന്‍ ഞങ്ങളിവിടെയുണ്ട്.

      കുടിയേറ്റ തട്ടിപ്പിന്റെ പേരില്‍ കാലിഫോര്‍ണിയയിലെ ട്രിവാലി സര്‍വകലാശാലക്ക് അംഗീകാരം നഷ്ടമായി. സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ പുറത്താകും. ആ വിദ്യാര്‍ത്ഥികളെയാണ് ലോകത്തിലെ മനുഷ്യാവകാശം സംരക്ഷിക്കല്‍ ഞങ്ങളുടെ കുത്തകയാണെന്ന് മേനി പറയുന്ന വല്യേട്ടന്‍ കാലില്‍ റേഡിയോ കോളറും കെട്ടി തെരുവിലേക്ക് വിട്ടത്‌. ആ രാജ്യത്തെ ഒരു പിച്ചക്കാരന് പോലും ഈ ഗതിയുണ്ടായിട്ടുണ്ടാകില്ല. നിരപരാധികളായ വിദ്യാര്‍ഥികളെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്തതില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും ഞെട്ടല്‍ രേഘപ്പെടുത്തിയിട്ടുണ്ട്.

   പ്രിയപ്പെട്ടവരെ നിങ്ങളുടെ കാലില്‍ ആരാണ് അത് കെട്ടിയതങ്കില്‍ കയ്യും കാലും പിടിച്ചു അവരോടു തന്നെ അതഴിച്ചു തരാന്‍ പറയുന്നതാണ് നല്ലത്. അവരുടെ കയ്യില്‍ തന്നെയല്ലേ അതിന്റെ താക്കോലും ഉണ്ടാവുക. നിങ്ങള്‍ എന്തിനും ഏതിനും  കേന്ദ്രം കേന്ദ്രം എന്ന് വിളിച്ചിട്ട് ഞങ്ങള്‍ക്ക് വന്നു അഴിച്ചു തരാന്‍ പറ്റുമെന്നാണോ കരുതിയിരിക്കുന്നത്? അതേ അമേരിക്കയാ അമേരിക്ക നിങ്ങളുടെ കാര്യം പറഞ്ഞു ഞങ്ങള്‍ അങ്ങോട്ട്‌ വന്നാല്‍;  നിങ്ങള്‍ക്കറിയാലോ ഉത്തരേന്ത്യക്കാര്‍ പണ്ടേ ആ സാധനം ഉപയോഗിക്കാറില്ലെന്ന് ഞങ്ങളുടെ ഉടുതുണി കൂടി അഴിച്ചാല്‍!?  ഹമ്മച്ചീ  ആലോചിക്കാന്‍ പോലും വയ്യ. ഞങ്ങള്‍ ഇപ്പോള്‍ ശ്രീലങ്കന്‍ പട്ടാളം ഒന്നുരണ്ടു ദിവസമായി നമ്മുടെ മീന്‍പിടുത്തക്കാരെ ചുമ്മാ തോട്ട പൊട്ടിച്ചു കളിച്ചു കൊല്ലുന്നു. ഒരു വട്ടം ഞങ്ങള്‍ ഞെട്ടിയിട്ടുണ്ട്. അതവര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. അതിനാല്‍ നമ്മുടെ ഒരമ്മച്ചി അങ്ങോട്ട്‌ പോകുന്നുണ്ട് ഞെട്ടല്‍ നേരിട്ട് കാട്ടികൊടുക്കാന്‍. അത് കൊണ്ടും തീര്‍ന്നില്ല. ഇവിടെ എന്തൊക്കെ ജോലികളാ ഉള്ളത്. സ്പെക്ട്രം, ആദര്‍ശ്‌, കള്ളപ്പണം പുറത്ത്‌വരാതെ നോക്കല്‍. അതിനിടയില്‍ വിലക്കയറ്റം എന്ന് നിലവിളിക്കുന്നവര്‍ക്ക് വിലക്കുറഞ്ഞ ഭക്ഷണത്തിന്റെ ബ്രോഷര്‍ വിതരണം. അങ്ങിനെ ഒത്തിരി ഒത്തിരി . അതുകൊണ്ട് നിങ്ങള്‍ ധൈര്യമായിരിക്കു എന്ത് തന്നെ സംഭവിച്ചാലും നിങ്ങള്ക്ക് വേണ്ടി ഞങ്ങള്‍ ഇനിയും ഞെട്ടും ഒരു തരം. രണ്ടു തരം മൂന്നു തരം.


പിന്നില്‍:   മായാവതിയുടെ സംസ്ഥാനത്ത്‌ മണ്ണ് തിന്നുന്ന കുട്ടികളുടെ വീഡിയോ ഏതോ ചാനലുകാരന്‍ കുറെ മുന്നേ ഷൂട്ട്‌ ചെയ്തു കൊണ്ട് വന്നത് കിട്ടുമെങ്കില്‍ അതില്‍ കാണുന്ന പോലെ പരിശീലിക്കാന്‍ ഇന്ത്യയിലെ എല്ലാ പാവപ്പെട്ടവരും ശ്രമിക്കണം. പാവങ്ങള്‍ മാത്രം പഠിച്ചാല്‍ മതി. 

0 comments:

 

Copyright © പബ്ലിക്കം | Bubblegum. Template created by Volverene from Templates Block
WP by WP Themes Master | Price of Silver