Pages

ഷണ്മുഖ കഥകള്‍

ഷണ്മുഖന്‍ ആളൊരു സംഭവമായിരുന്നു. അല്ലെങ്കില്‍ ഒരു പ്രസ്ഥാനം ആയിരുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണം മുതല്‍ ഡാര്‍വിനിസം വരെയുള്ള കാര്യങ്ങളില്‍ തന്റെയും അറിവുകള്‍ അപാരമാണെന്ന് സ്വയം പറയുന്ന അല്ലെങ്കില്‍ പറയാതെ പറയുന്ന ഒരു ഒരു സാധാരണ മേസ്തിരി. ആള്‍ക്കൊരു സകലം കുറവുണ്ടോ എന്ന് ചോദിച്ചാല്‍ സമ്മതിച്ചു തരാന്‍ മാത്രം പൊട്ടന്‍ ഒന്നും അല്ല. ഗ്രാമത്തിലെ നേരം പോക്കുകളില്‍ പതിവായി കടന്നു വരാറുള്ള ഒരു കഥാപാത്രം. ആരെങ്കിലും എന്തെങ്കിലും വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറഞ്ഞാല്‍  നീയെന്താ ഷണ്മുഖന് പഠിക്കുന്നുണ്ടോ എന്ന് നാട്ടുക്കാര്‍ ചോദിക്കും. അത്രയും പ്രശസ്തന്‍.
   
    ഇത് ഷണ്മുഖന്റെ ജീവിതത്തില്‍ സംഭവിച്ച അനേകം സംഭവ വികാസങ്ങളില്‍ ഒന്ന്. നമ്മുടെ കഥാപാത്രത്തിന്റെ വീട് പുരാതനമായ ഒരു കളപ്പറമ്പിന്റെ (പഴയ കാലത്ത്‌ കൊയ്തെടുക്കുന്ന നെല്ലുകള്‍ കൂട്ടിയിടുന്ന സ്ഥലം, പറമ്പ്‌)അടുത്താണ്.ഇപ്പോള്‍ വയലുകളെല്ലാം നികത്തി തെങ്ങ് വെച്ച് ഏക്കര്‍ കണക്കിന് വിശാലമായ പറമ്പാക്കി മാറ്റി. പകല്‍ സമയങ്ങളില്‍
 ഈ ആധുനിക കാലഘട്ടത്തില്‍ പോലും പലരും പോകാന്‍ മടിക്കുന്ന ജനവാസം കുറഞ്ഞ സ്ഥലം.പുരാതനമായ ഒരു കളപ്പുരയും പത്തായവും അവിടെയുണ്ട്. ഇപ്പോള്‍  കൃഷിയും കാര്യങ്ങളും നോക്കി നടത്താന്‍ വേണ്ടി ഒന്ന് രണ്ടു തൊഴിലാളികളും അവിടെയുണ്ടാകും. ജനസഞ്ചാരം കുറവായത് കൊണ്ടും നിശബ്ദമേഘലയായത് കൊണ്ടും ഒരു പാട് കഥകള്‍ പ്രചരിച്ചിരുന്നു. കുട്ടിച്ചാത്തന്‍, പ്രേതം, ഒടിയന്‍ അങ്ങിനെ രക്തരക്ഷസ് വരെ അവിടെയുണ്ടെന്നും പലരും പലതിനെയും നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും വരെ. ഈ സ്ഥലത്ത് ഒന്ന് രണ്ടു ചെറിയ കാവുകളും പോട്ടക്കിണറുകളും കുളങ്ങളുമെല്ലാം ഉണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും കള്ളുക്കുടിയന്മാരും ചീട്ടുക്കളിക്കാരും അവിടെ സ്ഥിരം താവളമാക്കിയിരിക്കുകയാണ്. പതിവായി തേങ്ങ മോഷ്ടിക്കുന്നവരെ മാറ്റിനിര്‍ത്തിയാല്‍ വേറെ ഒരു രക്ഷസിന്റെ ശല്ല്യവും ഇവര്‍ക്കില്ലതാനും.
  
    അങ്ങിനെ ഇരിക്കെ ആ പറമ്പിന്റെ ഒരതിരില്‍ താമസിക്കുന്ന ഗോപാലേട്ടന്റെ മകള്‍ക്ക് ഒരു ശൈത്താനിളക്കം. നാട്ടുക്കാര്‍ കോറസ്സായി പറഞ്ഞു ബാധ കൂടിയതാണ്. ഉത്സവ സീസണ്‍ അല്ലാത്തത് കൊണ്ട് നാട്ടില്‍ അല്ലറചില്ലറ കൂലിപ്പണിയുമായി നടന്നിരുന്ന ഒറച്ചില്‍ (കോമരം) ക്കാരന്‍ സുഗുണനു തന്റെ പഴയ ആയുധങ്ങള്‍ പൊടിതട്ടിയെടുക്കേണ്ടി വന്നു. കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലിരിക്കുന്ന സ്മിതയോട് സുഗുണന്‍ തുള്ളിക്കൊണ്ട് ചോദിച്ചു. നീ ഒഴിഞ്ഞുപോകില്ലേ....? ഇതെല്ലാം കണ്ടും കേട്ടും നമ്മുടെ കഥാപാത്രം ഷണ്മു അവിടെയൊക്കെ ഉണ്ട്. അങ്ങിനെ പ്രേതങ്ങളും രക്ഷസുകളും ഭൂമിയില്‍ ഇല്ലെന്നു വിശ്വസിക്കാന്‍ കൂട്ടുക്കാരെ നിര്‍ബന്ധിച്ചിരുന്ന ഷണ്മുവിനോട് കൂട്ടുക്കാര്‍ തിരിച്ചു ചോദിച്ചു. ഇപ്പൊ എങ്ങനെയുണ്ട് വിശ്വാസമായില്ലേ.? ഒന്നിനെയും തള്ളിപ്പറയരുത്. ഈ ശക്തികളെല്ലാം മന്ത്രവാദികള്‍ ജനിച്ചകാലം തൊട്ടേയുണ്ട്. എന്തിനേറെ അപ്പുവിന്റെ വീട്ടിലെ പശു ചത്തത്‌ എങ്ങിനെയാണ് ? രക്ഷസ്സ്! മുനീറിന്റെ സൈക്കിളിന്റെ ഹെഡ്‌ലൈറ്റ്‌ മോഷ്ട്ടിച്ചതാരാ ? കുട്ടിച്ചാത്തന്‍!  അവര്‍ ഷണ്മുഖനു നേര്‍വഴി ഉപദേശിച്ചു കൊടുത്തു. ഇതെല്ലാം കൂടി ആയപ്പോള്‍ ഷണ്മുഖനു അല്പം, ഇത്തിപ്പോരം,ഇച്ചിരി വിശ്വാസമൊക്കെ ആയി.

   ഷണ്മുഖന് ഒരു ചേട്ടന്‍ ഉണ്ട് സുകുമാരന്‍. സുകുമാരന്റെ 5 വയസ്സായ മകന് സംസാരിക്കാന്‍ കഴിയില്ല. ജന്മനാ  ആകുഞ്ഞിനു അതൊരു വൈകല്ല്യമായി ഉണ്ട്. പാരമ്പര്യമായി ഷണ്മുഖനും സുകുമാരനും കിട്ടിയത് നമ്മുടെ സുകുമാരന്‍ വേര്‍ഷന്‍ 2.0നും കിട്ടിയിരുന്നു. നല്ല 91.6കറുപ്പ് . ഷണ്മുഖന്റെ വാലില്‍ തൂങ്ങിയാണ് എപ്പോഴും കൊച്ചുസുകുമാരന്‍ ഉണ്ടാവുക

     ചെറിയ തോതില്‍ കഞ്ചാവ്‌ ഉപയോഗിക്കാത്തവര്‍ ആണുങ്ങളെല്ലെന്ന പഴമൊഴി എങ്ങിനെയോ നാട്ടില്‍ പാട്ടായി. ചെറുപ്പക്കാരെല്ലാം പെട്ടെന്ന് ആണുങ്ങളാകാന്‍ വെമ്പല്‍ കൊള്ളുന്ന സമയം. സ്വാഭാവികമായും നമ്മുടെ ഷണ്മുഖനും ആണായിത്തീരണം എന്നൊരു പൂതി മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി പക്ഷെ, എങ്ങിനെ കിട്ടും? എവിടുന്നു കിട്ടും? ആരോട് ചോദിക്കും.? ഒരുത്തരം കിട്ടിയത് തന്റെ കൂടെ ജോലിചെയ്യുന്നവന്റെ പോക്കറ്റില്‍ നിന്നാണ്. അവന്‍ പോലും അറിയാതെ കുറച്ചു അടിച്ചുമാറ്റി. പാപിക്കറിയില്ലായിരുന്നു ഇതെത്ര അളവില്‍ ഉപയോഗിക്കണം എങ്ങനെ ഉപയോഗിക്കണം എന്നുള്ളതൊന്നും. ബീഡിയില്‍ ആണെന്നുള്ളത് മാത്രം അറിയാം. പക്ഷെ, ബീഡിയൊന്നും നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല . ഒരു ഫില്‍ട്ടര്‍ സിഗരറ്റ്‌ വാങ്ങി അതിനുള്ളിലെ പുകയില മുഴുവന്‍ വെളിയില്‍ ചാടിച്ചു. കഞ്ചാവ് വളരെ കഷ്ടപ്പെട്ട്  അതിനുള്ളില്‍ തിരുകികയറ്റി. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കി തീ കൊടുത്തു. വലിച്ചു തീരുന്നതിനു മുന്‍പ്‌ തന്നെ സലിംകുമാര്‍ തിളക്കത്തില്‍ പറഞ്ഞത് പോലെ ഇതൊന്നാം ക്ലാസ്സ്‌ മുതല്‍ വലിക്കേണ്ടതായിരുന്നു എന്നവനു തോന്നി. വീട്ടിലേക്കുള്ള നടത്തം വേഗത പോരാ പോരാ എന്നൊരു തോന്നല്‍ സ്പീഡ്‌ കൂട്ടി പക്ഷെ ഷണ്മുഖന്‍ നടക്കുവായിരുന്നെങ്കിലും അത് വഴി സൈക്കിളില്‍ വരുകയായിരുന്ന അവന്റെ കൂട്ടുക്കാര്‍ക്ക് അതൊരു പാച്ചിലായി തോന്നി. ഇവന്‍ എന്തെങ്കിലും കണ്ട് പേടിച്ചതാണോ എന്നൊരു സംശയം. അവര്‍ പിടിച്ചു നിര്‍ത്തി കാര്യം തിരക്കി.
  എന്തിനാടാ നീ ഓടുന്നത്?
  ആര് ഓടി?
  നീ തന്നെ
  ഞാന്‍ ഓടിയൊന്നും ഇല്ല
  ഡാ മുനീറെ നോക്കെടാ ഇവനെന്താ ഇങ്ങനെ കിതക്കുന്നത്?
  അവന്‍ ആ പറമ്പില്‍ നിന്നും എന്തെങ്കിലും കണ്ടിട്ടുണ്ടാകും.
   ശരിയാ ഇവനെന്തോ പറ്റിയിട്ടുണ്ട്.
  ഷണ്മുവിന്റെ നില്‍പ്പും ഭാവവും ഒക്കെ കണ്ടപ്പോള്‍ മുനീറും പറഞ്ഞു.
  നമുക്കിവനെ വീട്ടിലാക്കിയിട്ടു പോയാല്‍ പോരെ? അപ്പു വീണ്ടും ചോദിച്ചു
  ശരിയാ അങ്ങിനെ മൂന്നു പേരും കൂടി ഷണ്മുഖന്റെ വീട്ടിലേക്കു നടന്നു. നടത്തത്തിനിടെ അവര്‍ കുട്ടിച്ചാത്തനെ കുറിച്ചും പ്രേതത്തെ കുറിച്ചും എന്തിനു ഭൂമിയിലുള്ള സകല ഡ്രാക്കുളമാരെ കുറിച്ചും അവയുടെ ആക്രമണരീതികളെക്കുറിച്ചും പെട്ടെന്നുള്ള ആക്രമണം എങ്ങിനെ നേരിടാം എന്നുള്ളതിനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. കുട്ടിച്ചാത്തനു വെള്ളം പേടിയാണ്. പ്രേതങ്ങള്‍ക്ക് കുരിശു പേടിയാണ് അങ്ങിനെ അങ്ങിനെ ഒത്തിരി അടവുകള്‍. എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും ഷണ്മുവിന്റെ മനസ്സ്‌ അവന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു. കുട്ടിക്കാലത്ത്‌ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനു പോയപ്പോള്‍ കണ്ട കാട്ടാളന്റെ രൂപം വരെ അവന്റെ മനസ്സിലേക്കോടിവന്നു. വീടെത്തിയത് പോലും അവന്‍ അറിഞ്ഞില്ല. ഷണ്മുഖന്റെ അമ്മ മുറ്റത്തിട്ട് ഓല മെടയുന്നുണ്ട്. ഷണ്മുഖന്‍ ഒന്നും മിണ്ടാതെ അകത്തോട്ടു കയറിപ്പോയി. അപ്പുവും മുനീറും അമ്മയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു. കളപ്പറമ്പില്‍ നിന്നും എന്തോ കണ്ടിട്ടുണ്ട്. ഒന്നും ചോദിച്ചിട്ട് മിണ്ടുന്നില്ല. ഒരു ആലോചന പോലെ . ആ അമ്മക്ക് ആധിയായി. എന്ത് പറ്റി മക്കളെ?
  ശൂ മിണ്ടാതെ ഇപ്പൊ ഒന്നും പറയണ്ട ഞങ്ങള്‍ പോയി കുറച്ചു കഴിഞ്ഞിട്ട് സുഗുണനെയും കൂട്ടി വരാം. അത് വരെ അങ്ങാടിയിലേക്കൊന്നും പോകാതെ നോക്കി കൊള്ളണം. പേടിക്കാന്‍ ഒന്നും ഇല്ല. ധൈര്യമായിരിക്ക് അപ്പു പറഞ്ഞു.
   ഇപ്പൊ തന്നെ സമയം മോന്തി(സന്ധ്യ)യായി ഇനി നിങ്ങള്‍ എപ്പോഴാ വരുന്നത്. എനിക്ക് വയ്യ സുകുമാരനും ഇവിടെ ഇല്ലല്ലോ ദൈവമേ ....
  നിങ്ങള്‍ കരഞ്ഞു ഇനി നാട്ടുക്കാരെ മുഴുവനും അറിയിക്ക് മുനീര്‍ ദേഷ്യത്തോടെ പറഞ്ഞു. ഞങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ എത്താം. അതും പറഞ്ഞു അവര്‍ സൈക്കിളും ചവിട്ടിപ്പോയി.
  അകത്തോട്ടു കയറിപ്പോയ ഷണ്മുഖന്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ അമ്മ വാതിലില്‍ നിന്നെത്തി നോക്കി. ചിന്തിചിരിക്കുന്ന ഷണ്മുഖനും ആംഗ്യഭാഷയില്‍ കൊച്ചച്ചനോട് സംസാരിക്കാന്‍ ശ്രമിക്കുന്ന സുകുമാരന്റെ മകനും. അമ്മ ഒന്ന് മുരടനക്കി ഷണ്മുഖന്‍ മുഖമുയര്‍ത്തി നോക്കി അമ്മയാണ് കുറച്ചു വെള്ളം തരൂ. പക്ഷെ, കാറ്റായിരുന്നു പുറത്തേക്കു വന്നത് വായില്‍ ഉമിനീര്‍ വറ്റിയിരിക്കുന്നു. എങ്കിലും ഒന്ന് കൂടി അവന്‍ ശ്രമിച്ചു. അതില്‍ അവന്‍ വിജയിക്കുകയും ചെയ്തു. അടുക്കളയില്‍ അത്താഴം ഒരുക്കുന്ന തിരക്കിലാണ് സുകുവിന്റെ ഭാര്യ കണ്ണീരോടെ വന്ന അമ്മായിയമ്മയോട് എന്ത് പറ്റി എന്നവര്‍ ചോദിച്ചു. അപ്പുവും മുനീറും പറഞ്ഞ കാര്യങ്ങള്‍ അമ്മ മരുമകളോട് പറഞ്ഞു. എന്നും ജോലികഴിഞ്ഞു വന്നാല്‍ ചേട്ടത്തിയമ്മേ(ജേഷ്ഠഭാര്യ) ചായ താ എന്ന് വിളിച്ചു പറയുന്ന അനിയനെ കണ്ടിട്ട് അവര്‍ക്കും വിഷമമായി. എങ്കിലും അവര്‍ പറഞ്ഞു ഒന്നെണീറ്റെ എന്നിട്ട് കുളിച്ചു വാ ഞാന്‍ വെള്ളം കോരിത്തരാം. വെള്ളം കുടിച്ചപ്പോള്‍ കിട്ടിയ ശ്വാസത്തില്‍ അവന്‍ പറഞ്ഞു വേണ്ട ഞാന്‍ കുളത്തില്‍ പോയി കുളിച്ചോളാം
      എത്ര വേണ്ടെന്നു പറഞ്ഞിട്ടും അതൊന്നും വക വെക്കാതെ കുളത്തിലേക്ക്‌ നടന്ന മകനെ നോക്കി ആ അമ്മ നെടുവീര്‍പ്പിട്ടു. കൊച്ചച്ചന്റെ പിറകെ പോകുന്ന സുകുമാരന്റെ മകനെ കണ്ടപ്പോള്‍ ആ അമ്മ കരുതി പൊക്കോട്ടെ ആരേലും കൂടെയുണ്ടാകുന്നത് നല്ലതാ. അല്ലേലും കൊച്ചിനെ അവനും അവനെ കൊച്ചിനും നല്ല ഇഷ്ട്ടമാ. എങ്ങിനെയെങ്കിലും ഇതൊന്നു ഒഴിവാക്കി തന്നാല്‍ ഏതൊക്കെയോ പള്ളികളുടെയും അമ്പലങ്ങളുടെയും പേര് പറഞ്ഞിട്ട് അവിടെക്കൊക്കെ നേര്‍ച്ചകള്‍ നേര്‍ന്നു.
    കുളിക്കാന്‍ തോന്നുന്നില്ല ഭയങ്കര തണുപ്പ്. തൊട്ടു പിറകില്‍ നില്‍ക്കുന്ന കൊച്ചിനെ അവന്‍ കണ്ടിട്ടില്ലായിരുന്നു. പതിയെ കുളത്തിലെക്കിറങ്ങി ഇരുള്‍ മൂടി വരുന്നു. ചിന്തകള്‍ എങ്ങിനെ വഴിതിരിച്ചു വിട്ടിട്ടും ഒടുവില്‍ വീണ്ടും പ്രേതത്തിലും കുട്ടിച്ചാത്തനിലും എത്തുന്നു. കുളത്തിലിറങ്ങി നില്‍ക്കുന്ന കൊച്ചച്ചനെയും നോക്കി കൊണ്ട് കൊച്ച് പടിയില്‍ ഇരിക്കുന്നുണ്ട്. എന്തൊക്കെയോ ഓര്‍ത്തു കൊണ്ട് ഒരു വട്ടം മുങ്ങി നിവര്‍ന്നു. ഇല്ല ശരീരം മുഴുവന്‍ നനഞ്ഞിട്ടില്ല. ഒന്ന് കൂടി മുങ്ങി. ഒന്ന് രണ്ടു വട്ടം ആവര്‍ത്തിച്ചു. ചെറിയ രീതിയില്‍ തൃപ്തി ആയപ്പോള്‍ കരയിലേക്ക് തിരിഞ്ഞു. അതാ അവിടെ ആ പടിയില്‍ തന്റെ നേരെ എന്തോ നീട്ടുന്ന ഒരു കൊച്ച് ചാത്തന്‍ ഉള്ളം കാലില്‍ നിന്നും ഒരു വിറയല്‍ ശരീരം മൊത്തം പിടിച്ചു കുലുക്കി. ഒന്ന് കൂടി നോക്കാനുള്ള ശക്തി ഇല്ലായിരുന്നു. നിലവിളിച്ചു കൊണ്ട് കരയിലേക്ക് ഓടിക്കയറി അത് തന്റെ അടുത്തേക്ക് വരുന്നു. പിന്നെ ഒന്നും നോക്കിയില്‍ വെള്ളത്തിലേക്ക്‌ ഒരു തള്ള് തിരിഞ്ഞു പോലും നോക്കാതെ ഓടി.
   അതേസമയം  സമയം കുളക്കരയില്‍ നിന്നുള്ള അലര്‍ച്ച കേട്ട് അമ്മയും ചേട്ടത്തിയും കുളക്കരയിലേക്ക് ഓടി വരുകയായിരുന്നു. വെറും അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് ജീവനും കൊണ്ട് ഓടി വരുന്ന മകനെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് അമ്മ ചോദിച്ചു എന്താടാ? എന്ത് പറ്റി? കുഞ്ഞെവിടെ?
    കിതച്ചു കൊണ്ട് ഷണ്മുഖന്‍ അലറി മാറ് തള്ളെ ഞാനൊരു കുട്ടിച്ചാത്തനെ കുളത്തില്‍ ചവിട്ടിതാഴ്ത്തിയാണ് വരുന്നത്. അതും പറഞ്ഞു അവന്‍ വീട്ടിലേക്കോടി .
   അമ്മേ എന്റെ കുഞ്ഞു പോയല്ലോ എന്ന ഒരു നിലവിളിയോടു കൂടി സുകുമാരന്റെ ഭാര്യ അവിടെ ബോധമറ്റു വീണു. ഇതൊന്നും ശ്രദ്ധിക്കാതെ ആ അമ്മ കുളത്തിലേക്കെടുത്തു ചാടി കുഞ്ഞിനെ രക്ഷിച്ചു.

 ഗുണപാഠം: കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ മുന്‍പ്‌ ഉപയോഗിച്ചിട്ടുള്ള ആരുടെയെങ്കിലും ഉപദേശം തേടുക .
  എന്നോട് ചോദിക്കരുത്.

2 comments:

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

മഴവില്ലേ ,കൊള്ളാമല്ലോ ,നന്നായിട്ടുണ്ട് ,

കുത്തും കോമയും ഒക്കെ ഇടാന്‍ ഒന്ന് കൂടി ശ്രമിക്കുമല്ലോ ,,,,,

Publicum said...

തീര്‍ച്ചയായും.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

 

Copyright © പബ്ലിക്കം | Bubblegum. Template created by Volverene from Templates Block
WP by WP Themes Master | Price of Silver